Sunday, September 25, 2011

പുതിയ ബ്ലോഗാളിയാ


ജീവിതയാത്ര

കിതച്ചു നീങ്ങുന്ന ജീവിതങ്ങൾ!

പുതിയ ബ്ലോഗാളിയാ!

അനുഗ്രഹിക്കണം!

അങ്ങനെ ഇനി ഞാനും ബ്ലോഗാൻ പോവുവാ! ഉത്തരവാദി വിശ്വമാനവികം ബ്ലോഗു മുതലാളി സജിം സാറാ! ആളു നമ്മുടെ സാറാ. നമ്മളെയൊക്കെ പഠിപ്പിച്ചു പഠിപ്പിച്ച് ഒരു വഴിക്കാക്കി. പക്ഷെ അദ്ദേഹത്തെ കമ്പ്യൂട്ടറു പഠിപ്പിച്ചത് ഞാനാണ്. ആദ്യമായി മൌസ് പിടിച്ചപ്പോൾ സ്ക്രീനിൽ ഒരു ആരോ കീ കിടന്നു ഓടുന്നതെന്തരെടേ എന്ന് ചോദിച്ചത് ഞാൻ ഇപ്പോഴും ഓർക്കുന്നു. പക്ഷെ കുറച്ചു ദിവസം കഴിഞ്ഞപ്പോഴുണ്ട് എന്നെ തിരിച്ച് പഠിപ്പിച്ചു തുടങ്ങി. അപ്പോ നമ്മ ആരായി!

പിന്നെ നെറ്റ് കണക്ഷൻ എടുത്തതിനു ശേഷം അദ്ദേഹം എന്നെ ഇന്റെർനെറ്റ് പഠിപ്പിക്കാൻ തുടങ്ങി. പിന്നെ മെയിൽ ഐ.ഡി, ഒർക്കുട്ട്, ബ്ലോഗ് എന്നൊക്കെ പറഞ്ഞ് എന്നെ പേടിപ്പിക്കാൻ തുടങ്ങി. അദ്ദേഹം തന്നെ മെയിൽ ഐഡിയും ഓർക്കുട്ടിൽ അക്കൌണ്ടും ഒക്കെ തുടങ്ങിച്ചു. പിന്നെ ഒരു ബ്ലോഗും തുടങ്ങിത്തന്നു. അങ്ങനെ ഞാനും ബ്ലോഗെഴുതാനായി കീ ബോർഡും കൈയ്യിലെടുത്ത് ഇരിപ്പായി. അപ്പോഴാണ് ഒരു കാര്യം എന്റെ ശ്രദ്ധയില്പെട്ടത്. വല്ലതും എഴുതണമെങ്കിൽ അക്ഷരം അറിയണം. സംഗതി ഡിഗ്രി വരെ പോയി നോക്കിയതൊക്കെ ശരി. കൈക്ക് ഒരു ചെറിയ വിറയൽ. സർഗ്ഗവാസന വല്ലതും ഉണ്ടോ എന്ന് തലയിലൊക്കെ തട്ടിനോക്കി. വല്ലതും ഉണ്ടെങ്കിൽ ഇങ്ങ് കുടഞ്ഞ് വീഴട്ടെ എന്നു കരുതി. പക്ഷെ തട്ടിയാലും മുട്ടിയാലും യ്ണ്ടാകുന്നതല്ല ഈ സർഗ്ഗ വാസനയെന്ന് പെട്ടെന്നു തന്നെ മനസിലായി. തുടങ്ങിയതുപോലെ ബ്ലോഗും പൂട്ടിക്കെട്ടി ഇരിപ്പായി.

സജിം സാറു പറഞ്ഞു വല്ല ഫോട്ടങ്ങണെങ്കിലും പോസ്റ്റെടേ ഉവ്വേ എന്ന്. അങ്ങനെ ചില പൊടിക്കൈയ്യൊക്കെ ചെയ്തു തുടങ്ങിയതാണ്. പിന്നെ അതും ഇല്ലാതായി. കണുമ്പോഴൊക്കെ എന്തെടാ ബ്ലോഗെഴുതാത്തത്, എന്തെടാ ഫോട്ടോ ഇടാത്തത് എന്ന ചോദ്യം ഭയന്ന് സാറിന്റെ കമ്പ്യൂട്ടർ കേടു പറ്റിയാൽ നന്നാക്കിക്കൊടുക്കാൻതന്നെ പോകാതായി. അങ്ങനെയിരിക്കേ ഇന്ന് നിലമേൽ നടന്ന ഒരു ആക്സ്ജിഡന്റിന്റെ പടം തട്ടത്തുമല നാട്ടുവർത്തമാനത്തിനയച്ചുകൊടുത്തു.

പിന്നെ എന്റെ കൈയ്യിൽ ഒരു അന്തർദ്ദേശീയ നിലവാരമുള്ള ചിത്രമുണ്ടെന്നും അത് സാറിന്റെ ബ്ലോഗിലിടണമെന്നും സ്റ്റുഡിയോവിൽ ഇരുന്നുകൊണ്ട് ഞാൻ വിളിച്ചു പറഞ്ഞു. അപ്പോഴാണ് പറയുന്നത്, നിന്റെ പൂത്ത ചിത്രമൊന്നും ഇടാനുള്ളതല്ല എന്റെ ബ്ലോഗുകൾ. നിനക്ക് പുതിയൊരു ബ്ലോഗ് തുടങ്ങിത്തരാം എന്ന്. അതിൽ മര്യാദയ്ക്ക് പടങ്ങളിട്ട് ഒരു ചിത്രബ്ലോഗ്ഗറെങ്കിലും ആയാൽ നിനക്ക് ഇവിടെ ജീവിക്കാമെന്ന്! ജീവിക്കാൻ ആഗ്രഹമില്ലാത്ത ആരെങ്കിലുമൊണ്ടോ? അതുകൊണ്ട് അങ്ങനെ ആട്ടേന്ന് ഞാനും. ഇനി എന്തായാലും പോട്ടങ്ങളെങ്കിൽ പോട്ടങ്ങൾ. അങ്ങോട്ടു ചെന്നു കാലു പിടിച്ചിട്ടാണെങ്കിലും സാറിന്റേക്കാൾ ഫോളൊവർമാരെ ഉണ്ടാക്കണം. കമന്റൊക്കെ ഞാൻ തന്നെ പല പേരുകളിൽ എഴുതിയിട്ട് ഫെയ്മസ് ആയിക്കൊള്ളാം.

ഇന്ന് ഞാനെന്റെ ക്യാമറയിൽ ഒപ്പിയ പടം സാറിന്റെ അടിക്കുറിപ്പോടെ അങ്ങ് പോസ്റ്റുകയാണ്. ബ്ലോഗിന്റെ ലോകത്തേയ്ക്ക് എന്നെയും നിർബന്ധ ബുദ്ധ്യാ ആനയിച്ച സജിം സാറിന് നന്ദിയോടെ ആദ്യ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു. വേറൊന്നുമില്ല. ഒരു പടം. ഞാനെന്റെ ക്യാമറകൊണ്ട് കണ്ട് പകർത്തിയത്!